കൊച്ചി: നിരോധിത വലകൾ ഉപയോഗിച്ച് ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിടികൂടി. 17 സെന്റീമീറ്ററിൽ താഴെ ഉള്ള 4,200 കിലോ ഉലുവാച്ചി മത്സ്യങ്ങൾ ബോട്ടിൽ ഉണ്ടായിരുന്നു. എറണാകുളത്തെ ആമ്പല്ലൂർ കാഞ്ഞിരമറ്റം ദേശത്ത് കാത്തുള്ളിപ്പറമ്പിൽ രാകേഷിന്റെ ഐ.ആർ.ആർ-3 ബോട്ടാണ് പിടികൂടിയത്.

ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിങ്ങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ഗ്രേസിയുടെ നേതൃത്വത്തിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ നടത്തിയാണ് ബോട്ട് പിടികൂടിയത്. ബോട്ടിന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തിയാക്കി രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി.

യോഗ്യമായ മത്സ്യം അഴീക്കോട് ഫിഷ് ലാൻഡിങ്ങ് സെന്ററിൽ പരസ്യലേലം ചെയ്ത് ലഭിച്ച 2,74,950 രൂപ ട്രഷറിയിൽ അടക്കുകയും ചെയ്തു. മിനിമം ലീഗൽ സൈസ് ഇല്ലാത്ത ഉലുവാച്ചി മത്സ്യം ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ പുറംകടലിൽ ഒഴുക്കി. ഭക്ഷ്യയോഗ്യമായ അമ്പത്തിയെട്ട് ഇനം കടൽമത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിന് താഴെ പിടികൂടിയാൽ കുറ്റകരമാണ്.

ചേറ്റുവ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി മോൾ, മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, മെക്കാനിക്കുമാരായ കെ.കെ. കൃഷ്ണകുമാർ, മനോജ്, സീ റസ്ക്യു ഗാർഡുമാരായ ഫസൽ, പ്രസാദ്, കൃഷ്ണപ്രസാദ്, സിജീഷ്, നിഷാദ് എന്നിവരാണ് പ്രത്യേക പട്രോളി സംഘം.

Photo and News Source: Sathyam Online