പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം നാളെ കൈക്കൊള്ളും. തുടർന്ന് നാളെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പട്ടിക ഗവർണർക്ക് കൈമാറാനാണ് മുന്നണിയുടെ തീരുമാനം. വകുപ്പുവിഭജനത്തിലും പ്രധാന പദവികളുടെ കാര്യത്തിലും ഇതിനകം ധാരണയായതായാണ് സൂചനകൾ ലഭിക്കുന്നത്.
മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി ഡി സതീശൻ ധനവകുപ്പ് നേരിട്ട് കൈകാര്യം ചെയ്യാനാണ് സാധ്യത. ആഭ്യന്തര വകുപ്പ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകാനും ധാരണയായിട്ടുണ്ട്. എഐസിസി പ്രതിനിധി ദീപദാസ് മുൻഷി അറിയിച്ചതനുസരിച്ച്, നാളെ രാവിലെയും ചർച്ചകൾ തുടരും. തിങ്കളാഴ്ചയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
മന്ത്രിസഭയിൽ ഇടംപിടിക്കുന്ന എട്ട് കോൺഗ്രസ് നേതാക്കളുടെ പട്ടിക ഇതിനകം പുറത്തുവന്നിട്ടുണ്ട്. സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരാണ് പട്ടികയിലുള്ളത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് നിർണായകമായ വകുപ്പ് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. ഇന്ദിരാ ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. യുഡിഎഫ് നേതൃത്വം അന്തിമ തീരുമാനം എടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
Photo and News Source: Sathyam Online








