സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എതിരെ അവരുടെ സ്വന്തം തട്ടകമായ കണ്ണൂരിൽ അതിരൂക്ഷമായ വിമർശനം. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ പാർട്ടി സംസ്ഥാന നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ല, മറിച്ച് നേതാക്കളുടെ പെരുമാറ്റ ശൈലിയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

പിണറായി വിജയന്റെ അഹങ്കാരവും മാറാൻ തയ്യാറാകാത്ത ഭാവവും തിരിച്ചടിയായെന്ന് അംഗങ്ങൾ വിമർശിച്ചു. ജനങ്ങളോട് 'വീട്ടിൽ പോയി ചോദിക്ക്' എന്ന് പ്രതികരിച്ച മുഖ്യമന്ത്രിയുടെ ശൈലി അണികളിൽ വലിയ അതൃപ്തിയുണ്ടാക്കി. എം.വി ഗോവിന്ദന്റേത് ഏകാധിപത്യ ശൈലിയാണെന്നും ജനങ്ങളോടും അണികളോടും അദ്ദേഹം ധാർഷ്ട്യം കാണിക്കുന്നുവെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പ്രവർത്തനങ്ങളിലും യോഗത്തിൽ അതൃപ്തി പ്രകടമായി.

തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ പരാജയത്തിന് നേതൃത്വത്തിന്റെ അമിത ആത്മവിശ്വാസവും അപക്വമായ ഇടപെടലുകളുമാണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഏകപക്ഷീയമായ തീരുമാനങ്ങളും ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചു. ടി.കെ ഗോവിന്ദൻ പാർട്ടി വിട്ട വിഷയത്തിൽ ജില്ലാ നേതൃത്വം നിഷ്‌ക്രിയത്വം കാണിച്ചുവെന്നും, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നുവെന്നും അംഗങ്ങൾ രോഷത്തോടെ ചൂണ്ടിക്കാട്ടി.

ആന്തൂർ, മലപ്പട്ടം, മയ്യിൽ തുടങ്ങിയ മേഖലകളിലെ വോട്ട് ചോർച്ച പാർട്ടി സ്വയം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തുമെന്നതിന്റെ മുന്നറിയിപ്പാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഈ വിമർശനങ്ങളെല്ലാം നിശബ്ദനായി കേട്ടിരുന്നു. കണ്ണൂരിന്റെ പാർട്ടി ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പരസ്യമായ പടയൊരുക്കം നേതൃത്വത്തിനെതിരെ ഉയരുന്നത്.

Photo and News Source: Sathyam Online