ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് സമ്മേളനത്തിനിടെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് മാധ്യമപ്രവര്‍ത്തകനോട് നടത്തിയ രൂക്ഷമായ പ്രതികരണം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാകുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെ ഹാളിലിരുന്ന് ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകനാണ് ലാവ്‌റോവിനെ പ്രകോപിപ്പിച്ചത്. ഫോണ്‍ സംഭാഷണം നീണ്ടുപോയതോടെ അദ്ദേഹം തന്റെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിവെച്ചു.
തുടക്കത്തില്‍ വളരെ ശാന്തമായിട്ടാണ് ലാവ്‌റോവ് പ്രതികരിച്ചത്. 'ദയവായി നിങ്ങള്‍ ഇവിടം വിട്ടുപോകാമോ? ഒന്നുകില്‍ നിങ്ങള്‍ ഈ ഹാളിന് പുറത്തുപോകണം, അല്ലെങ്കില്‍ ഫോണില്‍ സംസാരിക്കുന്നത് ഇപ്പോള്‍ നിര്‍ത്തണം,' എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഫോണ്‍ സംഭാഷണം തുടര്‍ന്നതോടെ ലാവ്‌റോവ് കടുത്ത ഭാഷയിലേക്ക് മാറുകയായിരുന്നു.
തന്റെ പ്രസംഗത്തിന് വീണ്ടും തടസ്സമുണ്ടായതോടെ അദ്ദേഹം കര്‍ശനമായ മുന്നറിയിപ്പ് നല്‍കി. 'നിങ്ങള്‍ക്ക് ഇവിടുന്ന് മാറാമോ? ഞാന്‍ തമാശ പറയുകയല്ല. നിങ്ങള്‍ ആ ഫോണ്‍ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ഇവിടെയുള്ള സുരക്ഷാ ജീവനക്കാര്‍ക്ക് തോക്കെടുക്കേണ്ടി വരും,' എന്ന് ലാവ്‌റോവ് തുറന്നടിച്ചു. ഈ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്.
Photo and News Source: Sathyam Online







