മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനങ്ങള്‍ മാത്രമേ അനുവദിക്കാന്‍ സാധിക്കൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അഞ്ചാം മന്ത്രിസ്ഥാനത്തിനായി ഇപ്പോള്‍ വിവാദങ്ങളിലേക്ക് നീങ്ങേണ്ടതില്ലെന്നും, ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നുമാണ് കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. മുഖ്യമന്ത്രി ഇക്കാര്യം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും.

അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അന്തിമ തീരുമാനം നാളെ അറിയാന്‍ സാധിക്കുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗിലെ എല്ലാ എംഎല്‍എമാരും മന്ത്രിസ്ഥാനത്തിന് യോഗ്യരാണെന്നും, പാര്‍ട്ടി അഞ്ചുപേരെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ ആവശ്യപ്രകാരം നാല് മന്ത്രിമാര്‍ക്ക് പുറമെ ഒരു കാബിനറ്റ് പദവി കൂടി നല്‍കാനും ധാരണയായിട്ടുണ്ട്.

രോഗാവസ്ഥയെ തുടര്‍ന്ന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന എം കെ മുനീറിനായിരിക്കും ഈ കാബിനറ്റ് പദവി നല്‍കുക. ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷ പദവിയാണ് ഇതിനായി പരിഗണിക്കുന്നത്. നേരത്തെ വി എസ് അച്യുതാനന്ദന്‍ വഹിച്ചിരുന്ന ഈ പദവി അന്ന് യുഡിഎഫ് എതിര്‍ത്തിരുന്നെങ്കിലും, മുനീറിനെ ഉള്‍ക്കൊള്ളാനുള്ള ലീഗിന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങുകയായിരുന്നു. എന്നാല്‍, ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പദവി അനുവദിക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലവിലുണ്ട്.

ഇടതു സര്‍ക്കാര്‍ രണ്ടായി വിഭജിച്ച വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ ലയിപ്പിച്ച് ലീഗിന് നല്‍കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. കന്റോണ്‍മെന്റ് ഹൗസില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളിലൂടെ വകുപ്പു വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് മുന്നണിയുടെ ശ്രമം. സര്‍ക്കാര്‍ രൂപീകരണത്തിലുണ്ടായ കാലതാമസം ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കിയ സാഹചര്യത്തില്‍, തര്‍ക്കങ്ങള്‍ ഒഴിവാക്കി മുന്നോട്ടുപോകാനാണ് ഘടകകക്ഷികളുടെ തീരുമാനം.

Photo and News Source: Siraj Live