കേന്ദ്ര സർക്കാരിന്റെ ഈ വർഷത്തെ അഭിമാനകരമായ ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ പുരസ്കാരം സിൽവാസ്സയിലെ മലയാളി നഴ്‌സായ ദീപാ ബിജുവിന് ലഭിച്ചു. സിൽവാസ്സയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (നമോ) മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടായും ഓപ്പറേഷൻ റൂം കോംപ്ലക്സ് ഇൻ ചാർജായും സേവനമനുഷ്ഠിക്കുകയാണ് ദീപ. നഴ്‌സിങ് മേഖലയിലെ മികച്ച പ്രവർത്തനങ്ങളും സമഗ്ര സംഭാവനകളും പരിഗണിച്ചാണ് ഈ ദേശീയ അംഗീകാരം ദീപയെ തേടിയെത്തിയത്.
അന്താരാഷ്ട്ര നഴ്‌സിങ് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു. നഴ്‌സിങ് രംഗത്തെ ഏറ്റവും ഉന്നതമായ പുരസ്കാരങ്ങളിലൊന്നാണ് ഫ്ളോറൻസ് നൈറ്റിങ്‌ഗേൽ അവാർഡ്. എറണാകുളം ജില്ലയിലെ കോതമംഗലം, കുട്ടമ്പുഴ പൂയംകുട്ടി സ്വദേശിനിയായ ദീപ ദീർഘകാലമായി സിൽവാസ്സയിലെ ആരോഗ്യമേഖലയിൽ സജീവ സാന്നിധ്യമാണ്.
നാരോളി റിലയൻസിലെ മാനേജറായ ബിജു കുര്യൻ പടിഞ്ഞാറേക്കരയാണ് ദീപയുടെ ഭർത്താവ്. കാനഡയിൽ ജോലി ചെയ്യുന്ന കാതറിൻ, ജർമനിയിൽ ഉപരിപഠനം നടത്തുന്ന കരോളിൻ എന്നിവരാണ് മക്കൾ. ദീപയുടെ ഈ നേട്ടം സിൽവാസ്സയിലെ മലയാളി സമൂഹത്തിനും ജന്മനാടിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. നഗർഹവേലി മലയാളി അസോസിയേഷനിൽ സജീവമായി പ്രവർത്തിക്കുന്ന ദീപയെയും ഭർത്താവിനെയും അസോസിയേഷൻ ഭാരവാഹികൾ അഭിനന്ദിച്ചു.
Photo and News Source: Mathrubhumi







