പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന മാനിച്ച് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും വിദേശനാണ്യം സംരക്ഷിക്കുന്നതിനുമായി സർക്കാർ ഉദ്യോഗസ്ഥരുടെ വിദേശയാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറി രാജേഷ് കുമാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള വിദേശ സന്ദർശനങ്ങളും പഠനയാത്രകളും തത്ക്കാലം റദ്ദാക്കാനാണ് നിർദേശം.

പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ ആഴ്ചയിൽ ഒരിക്കലെങ്കിലും മെട്രോ, സബർബൻ ട്രെയിനുകൾ അല്ലെങ്കിൽ പൊതുബസുകളിൽ യാത്ര ചെയ്യണമെന്ന് നിർദേശമുണ്ട്. ഫീൽഡ് സന്ദർശനങ്ങളിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും കാർപൂളിങ് രീതി സ്വീകരിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സർക്കാർ മീറ്റിങ്ങുകളും സെമിനാറുകളും വീഡിയോ കോൺഫറൻസിങ് വഴി നടത്താനും നിർദേശമുണ്ട്.

സർക്കാർ ഓഫീസുകളിലെ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കും. അലങ്കാര വിളക്കുകൾ, ഫ്ളെക്സ് ബോർഡുകൾ എന്നിവയ്ക്കുള്ള ചെലവുകൾ വെട്ടിക്കുറയ്ക്കാനും, ഓഫീസുകളിൽ എയർ കണ്ടീഷണർ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായി ക്രമീകരിക്കാനും നിർദേശമുണ്ട്. അടുത്ത ആറ് മാസത്തേക്ക് പുതിയ കൺസൾട്ടന്റുമാരെ നിയമിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ബൈക്ക് റാലികൾക്കും വാഹനജാഥകൾക്കും അനുമതി നൽകരുതെന്ന് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കാന്റീനുകൾ, സ്കൂളുകൾ, ജയിലുകൾ, ആശുപത്രികൾ എന്നിവയിലെ മെനുകളിൽ മാറ്റം വരുത്താനും നിർദേശമുണ്ട്. പ്രധാനമന്ത്രി സൂര്യ ഘർ യോജന പ്രകാരം സോളാർ പാനലുകൾ സ്ഥാപിക്കാനും, പി.എൻ.ജി. കണക്ഷനുകൾ വേഗത്തിലാക്കാനും സർക്കാർ നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി, നിയമസഭാ കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മോട്ടോർ സൈക്കിളിൽ എത്തിയത് ശ്രദ്ധേയമായി.

Photo and News Source: Mathrubhumi