മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് വലിയ വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെയുള്ള യാത്രകൾ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം വർധിപ്പിച്ചത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. എന്നാൽ, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ യാത്രകൾ ലളിതമാക്കാനുള്ള തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ യാത്രകൾ കാരണം പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വി.ഡി. സതീശൻ സംസ്ഥാന പോലീസ് മേധാവിക്ക് കർശന നിർദേശം നൽകി. പൈലറ്റ് വാഹനം മാത്രം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, മുഖ്യമന്ത്രിക്ക് സെഡ് കാറ്റഗറി സുരക്ഷയുള്ളതിനാൽ പൈലറ്റിന് പുറമെ ഒരു എസ്‌കോർട്ട് വാഹനം കൂടി ഉൾപ്പെടുത്താമെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഇതോടെ മുൻപ് ഉണ്ടായിരുന്ന വലിയ വാഹനവ്യൂഹത്തിന് പകരം ചുരുങ്ങിയ വാഹനങ്ങൾ മാത്രമായിരിക്കും ഇനി മുഖ്യമന്ത്രിയെ അനുഗമിക്കുക.
പിണറായി വിജയന്റെ കാലത്ത് 10 മുതൽ 14 വരെ വാഹനങ്ങൾ അടങ്ങുന്ന വലിയ വ്യൂഹമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ പൈലറ്റ്, എസ്‌കോർട്ട്, ആംബുലൻസ്, സ്‌ട്രൈക്കർ ഫോഴ്‌സ് എന്നിവ ഉൾപ്പെട്ടിരുന്നു. കറുത്ത നിറത്തിലുള്ള കിയ കാർണിവൽ ആയിരുന്നു പിണറായി വിജയൻ അവസാന കാലത്ത് ഉപയോഗിച്ചിരുന്നത്. എന്നാൽ, വി.ഡി. സതീശൻ വെളുത്ത ഇന്നോവ ക്രിസ്റ്റയിലായിരിക്കും ഇനി സഞ്ചരിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാർക്കും വെളുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾ നൽകാൻ പൊതുഭരണവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തുമ്പോഴും, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ സാധാരണക്കാരനെപ്പോലെ സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് റിപ്പോർട്ടുകൾ പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വാഹനവ്യൂഹത്തിന്റെ എണ്ണം പരമാവധി കുറയ്ക്കാനാണ് പുതിയ തീരുമാനം ലക്ഷ്യമിടുന്നത്.
Photo and News Source: Mathrubhumi








