മുസ്ലിം ലീഗിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും, ഇക്കാര്യത്തിൽ മുസ്ലിം ലീഗ് ഇടപെടേണ്ടതില്ലെന്നും മാത്യു കുഴൽനാടൻ പരസ്യമായി പ്രതികരിച്ചിരുന്നു. ഈ നിലപാട് ലീഗിനെ ചൊടിപ്പിക്കുകയും ഇരുവിഭാഗങ്ങളും തമ്മിൽ വാക്പോരുകൾക്ക് വഴിവെക്കുകയും ചെയ്തു.

മാത്യു കുഴൽനാടന്റെ വിമർശനങ്ങൾക്ക് മറുപടിയായി മുസ്ലിം യൂത്ത് ലീഗ് അദ്ദേഹത്തിനെതിരെ രൂക്ഷമായ ഭാഷയിൽ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല, മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ അദ്ദേഹത്തെ പരസ്യമായി വിമർശിക്കുകയും ചെയ്തു. 'അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും' എന്ന ഉണ്ണിത്താന്റെ പരാമർശം വലിയ ചർച്ചയായിരുന്നു.

പിണറായി വിജയൻ സർക്കാരിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തിയ നേതാവാണ് മാത്യു കുഴൽനാടൻ. ലൈഫ് മിഷൻ അഴിമതി, വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ, ലീഗിന്റെ അപ്രീതി സമ്പാദിച്ചതോടെ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം എന്ന സാധ്യത മങ്ങിയതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Photo and News Source: Janmabhumi