ചെന്നൈയിൽ നടന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ, ടിവികെ സർക്കാർ ഏതുസമയത്തും താഴെവീഴാൻ സാധ്യതയുണ്ടെന്ന് പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. അതിനാൽ വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാൻ പ്രവർത്തകർ സജ്ജരായിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. 2029-ൽ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായി സ്റ്റാലിൻ വ്യക്തമാക്കി. ഭാരവാഹികൾ പരസ്പരം കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൾ നോക്കാതെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലത്തെ ഒരു 'രാഷ്ട്രീയ സുനാമി' എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് അദ്ദേഹം വിലയിരുത്തി. വരുംകാലങ്ങളിൽ സാമൂഹികമാധ്യമങ്ങളിലെ സാന്നിധ്യം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പൊതുയോഗങ്ങളെക്കാൾ ഉപരിയായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് ഇന്നത്തെ രാഷ്ട്രീയ പോരാട്ടങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പാർട്ടിയുടെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുമായി 'www.udanpirapinkural.in' എന്ന പേരിൽ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചതായും സ്റ്റാലിൻ അറിയിച്ചു. പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഈ വെബ്‌സൈറ്റ് വഴി തങ്ങളുടെ നിർദേശങ്ങൾ പങ്കുവെക്കാവുന്നതാണ്.

Photo and News Source: Mathrubhumi