ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന് (ICAR) കീഴിൽ കോഴിക്കോട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചിൽ (IISR) യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൈക്രോബയോളജി, അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ എന്നീ വിഭാഗങ്ങളിലായി രണ്ട് ഒഴിവുകളാണുള്ളത്. ഒരു വർഷത്തേക്കാണ് കരാർ നിയമനം എങ്കിലും, ഇത് മൂന്ന് വർഷം വരെ നീട്ടാൻ സാധ്യതയുണ്ട്.
മൈക്രോബയോളജി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. മൈക്രോബയോളജിയിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ വിഭാഗത്തിലും ഒരു ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഹോർട്ടികൾച്ചർ ബിരുദമാണ് യോഗ്യത. രണ്ട് തസ്തികകളിലേക്കും 21 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.
എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള പ്രായപരിധിയിൽ ഇളവ് ലഭിക്കും. എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം വാക്ക്-ഇൻ അഭിമുഖത്തിന് ഹാജരാകണം.
മൈക്രോബയോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 20-നും, അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 22-നും നടക്കും. രാവിലെ 9.30-ന് രജിസ്ട്രേഷനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റായ www.spices.res.in സന്ദർശിക്കാവുന്നതാണ്.
Photo and News Source: Mathrubhumi






