അടുപ്പിൽ പാകം ചെയ്യാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വ്യത്യസ്തമായ പായസമാണ് പഴുത്ത പപ്പായ ഉപയോഗിച്ചുള്ളത്. വേനൽക്കാലത്ത് തണുത്തതും ആരോഗ്യകരവുമായ വിഭവങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ ഈ വിഭവം തയ്യാറാക്കാം.
ഇതിനായി ഒരു കിലോ പഴുത്ത പപ്പായ, അരക്കപ്പ് തേങ്ങയുടെ ഒന്നാംപാൽ, ഒരു കപ്പ് രണ്ടാംപാൽ, ആവശ്യത്തിന് ശർക്കരപ്പൊടി, ഏലയ്ക്കാപ്പൊടി, ഉണക്കമുന്തിരി എന്നിവയാണ് വേണ്ടത്. ആദ്യം പപ്പായയുടെ തൊലിയും കുരുവും നീക്കം ചെയ്ത് ചെറുതായി നുറുക്കി എടുക്കുക.
നുറുക്കി വെച്ച പപ്പായയിലേക്ക് തേങ്ങയുടെ രണ്ടാംപാൽ അല്പാല്പമായി ചേർത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം ഇതിലേക്ക് ശർക്കരപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. മിശ്രിതം നല്ല സ്മൂത്ത് പരുവത്തിലായാൽ അതിലേക്ക് ഒന്നാംപാലും ഉണക്കമുന്തിരിയും ചേർത്ത് വീണ്ടും ഇളക്കുക. ഇപ്പോൾ സ്വാദിഷ്ടമായ വേവിക്കാത്ത പപ്പായ പായസം വിളമ്പാൻ തയ്യാർ.
Photo and News Source: Mathrubhumi






