കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 8,938 പേർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. 2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 22 വരെയുള്ള കാലയളവിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് ട്രാഫിക് റെഗുലേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ബദർ അൽ-ഖത്താൻ വ്യക്തമാക്കി.
'സുരക്ഷിതമായി പാത മുറിച്ചുകടക്കൂ' എന്ന പ്രമേയത്തിൽ നടന്ന ജിസിസി ട്രാഫിക് വീക്കിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷ എന്നത് വ്യക്തിഗത ബോധവൽക്കരണത്തിൽ തുടങ്ങി സമൂഹത്തിന്റെ സുരക്ഷയിൽ അവസാനിക്കുന്ന ഒന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡ്രൈവർമാരും കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃതമായി റോഡ് മുറിച്ചുകടക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 20 മുതൽ 75 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു. നിശ്ചിത പാതകൾ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്നത് ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണമെന്നും ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. വാഹനങ്ങൾ പൂർണ്ണമായി നിർത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം റോഡിലേക്ക് ഇറങ്ങുക, ഇരുവശവും പരിശോധിക്കുക, നിർദ്ദിഷ്ട പാതകൾ മാത്രം ഉപയോഗിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് ട്രാഫിക് വകുപ്പ് അഭ്യർത്ഥിച്ചു.
Photo and News Source: Kerala Online News







