പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പുത്തനുടുപ്പും കുടയുമായി സ്‌കൂളിലേക്ക് പോകാൻ ഒരുങ്ങുന്ന കുരുന്നുകൾക്ക് വലിയ ആവേശമായിരിക്കും. എന്നാൽ, ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന കുട്ടികളിൽ ചെറിയ തോതിൽ ഭയവും ആശങ്കയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ ഭയം മാറ്റിയെടുക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. സ്‌കൂൾ പേടിക്കേണ്ട ഒരിടമല്ലെന്നും അതൊരു സന്തോഷകരമായ സ്ഥലമാണെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. സാധിക്കുമെങ്കിൽ സ്‌കൂൾ തുറക്കുന്നതിന് മുൻപ് കുട്ടികളെ സ്‌കൂളും പരിസരവും കാണിക്കാൻ കൊണ്ടുപോകുന്നത് അവർക്ക് ആത്മവിശ്വാസം നൽകും.
അച്ഛനെയും അമ്മയെയും വിട്ടുപിരിഞ്ഞ് സ്‌കൂളിൽ പോകാൻ തുടക്കത്തിൽ കുട്ടികൾ മടി കാണിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ വഴക്കു പറയുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. പകരം, സ്‌കൂളിൽ അച്ഛനെയും അമ്മയെയും പോലെ സ്നേഹിക്കാൻ ടീച്ചർമാർ ഉണ്ടാകുമെന്നും ഒപ്പം കളിക്കാൻ ഒരുപാട് കൂട്ടുകാർ ഉണ്ടാകുമെന്നും പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണം. ആദ്യ ദിവസങ്ങളിൽ കുട്ടികൾക്കൊപ്പം സ്‌കൂളിൽ പോവുകയും അവരോട് യാത്ര പറഞ്ഞ ശേഷം മാത്രം മടങ്ങുകയും ചെയ്യുന്നത് കുട്ടികളിൽ സുരക്ഷിതബോധം വളർത്തും.
സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയാൽ അന്ന് നടന്ന വിശേഷങ്ങൾ ചോദിച്ചറിയാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. തുടക്കത്തിലേ പഠനത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും പറഞ്ഞ് കുട്ടികളെ പേടിപ്പെടുത്തരുത്. സ്‌കൂളിനെ അവർ ഇഷ്ടപ്പെട്ടാൽ മാത്രമേ പഠനത്തിൽ താല്പര്യം കാണിക്കുകയുള്ളൂ. കളിചിരികളോടെ സ്‌കൂളിലേക്ക് പോകാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. സ്‌കൂൾ ജീവിതം അവർക്ക് മനോഹരമായ ഒരു അനുഭവമാക്കി മാറ്റാൻ രക്ഷിതാക്കളുടെ കരുതലും സ്നേഹവും അനിവാര്യമാണ്.
Photo and News Source: Mathrubhumi







