തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവിപത്തിനെതിരെ കർശന നടപടിയുമായി മുന്നോട്ട്. സംസ്ഥാനത്തുടനീളം 717 മദ്യശാലകൾ അടച്ചുപൂട്ടാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. സ്കൂളുകൾ, ആരാധനാലയങ്ങൾ, ജനസാന്ദ്രതയേറിയ പ്രദേശങ്ങൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ടാസ്മാക് (TASMAC) മദ്യശാലകളാണ് ഇത്തരത്തിൽ പൂട്ടുന്നത്.
ഈ നടപടിയിൽ ഏറ്റവും കൂടുതൽ മദ്യശാലകൾ പൂട്ടുന്നത് മധുരൈ മേഖലയിലാണ്; ഇവിടെ 281 മദ്യശാലകൾക്കാണ് പൂട്ടുവീഴുന്നത്. ഇതിൽ തൂത്തുക്കുടിയിൽ മാത്രം 63 എണ്ണം അടച്ചുപൂട്ടും. മധുരൈയ്ക്ക് പിന്നാലെ കോയമ്പത്തൂർ മേഖലയിലാണ് കൂടുതൽ മദ്യശാലകൾ പൂട്ടുന്നത്, ഇവിടെ 173 എണ്ണം പ്രവർത്തനം നിർത്തും. ചെന്നൈയിൽ 99 മദ്യശാലകളും, തൃച്ചിയിൽ 84 എണ്ണവും, സേലം മേഖലയിൽ 80 എണ്ണവും അടച്ചുപൂട്ടും.
തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്റെ (ടാസ്മാക്) കീഴിൽ സംസ്ഥാനത്ത് ആകെ 4765 മദ്യശാലകളാണുള്ളത്. സർക്കാർ നടത്തിയ വിശദമായ സർവേയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്തും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപത്തുമാണ് സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. പൊതുജനങ്ങളുടെ ആശങ്കകൾ കൂടി പരിഗണിച്ചാണ് ടിവികെ സർക്കാർ ഈ സുപ്രധാന തീരുമാനമെടുത്തത്.
Photo and News Source: Asianet News






