പശ്ചിമ ബംഗാളിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ കർശനമായ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ സർക്കാർ അംഗീകൃത വെറ്ററിനറി സർജന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയോ മുൻകൂർ സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു മൃഗത്തെയും കശാപ്പ് ചെയ്യാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ 1000 രൂപ പിഴയോ ശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ ഉത്തരവ് പ്രകാരം, കാള, പശു, എരുമ തുടങ്ങിയ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് കർശനമായ മാനദണ്ഡങ്ങളുണ്ട്. കശാപ്പ് ചെയ്യുന്ന മൃഗങ്ങൾ 14 വയസ്സിന് മുകളിലുള്ളവയായിരിക്കണം. കൂടാതെ, അവ ജോലിക്കോ പ്രത്യുൽപാദനത്തിനോ ഉപയോഗപ്രദമല്ലാത്തതോ, പ്രായം, പരിക്ക്, വൈകല്യം അല്ലെങ്കിൽ ചികിത്സിക്കാൻ കഴിയാത്ത രോഗം കാരണം ബുദ്ധിമുട്ടുന്നതോ ആണെന്ന് വെറ്ററിനറി സർട്ടിഫിക്കറ്റിൽ കൃത്യമായി രേഖപ്പെടുത്തണം.

സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ 15 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് അപ്പീൽ നൽകാനുള്ള അവസരവും ഉണ്ടായിരിക്കും. സർക്കാർ അനുവദിച്ച നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ കശാപ്പ് അനുവദിക്കൂ. പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് അധികൃതർ, വെറ്ററിനറി ഡോക്ടർമാർ എന്നിവരുടെ പരിശോധനകൾ തടസ്സപ്പെടുത്തരുതെന്നും സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.

Photo and News Source: Media Mangalam