Note: This content is a summary of the original report. To read the full text and access all details, please visit the original source linked below.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ ആലപ്പുഴ സ്വദേശിനി ഫേബ ജോസ് (27) മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. പ്രസവവേളയിൽ അപ്രതീക്ഷിതമായി സംഭവിക്കാവുന്ന 'അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം' ആണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. ചികിത്സയിൽ യാതൊരുവിധ പിഴവുകളോ അലംഭാവമോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ബീനാ കുമാരി, ഡോ. അനീഷ് (കാർഡിയോളജി), ഡോ. ശ്രീ ചിത്ര കരിപ്പുറം (ഫോറൻസിക്), ഡോ. മേരി ഗ്രേസ് (ജനറൽ മെഡിസിൻ), ഡോ. സൂര്യ കെ.കെ (പീഡിയാട്രിക്) എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. ആലപ്പുഴ ഓമനപ്പുഴ സ്വദേശിയായ ഫേബയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെ ലേബർ റൂമിലേക്ക് മാറ്റിയെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു.
തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ ഫേബ മരണപ്പെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരുന്നു. ശസ്ത്രക്രിയ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. നിലവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
Photo and News Source: Sathyam Online









