ഡബ്ലിനില്‍ ഒന്നര വര്‍ഷം മുമ്പ് മരിച്ച വംശി ഗുട്ട (29) എന്ന ഇന്ത്യന്‍ യുവാവിന്റെ മരണം ഹൈപ്പോഥെര്‍മിയ മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡബ്ലിനിലെ പാര്‍ക്ക്ഗേറ്റ് സ്ട്രീറ്റിലെ ഒരു യൂട്ടിലിറ്റി ബോക്സിന് സമീപം ആറ് മണിക്കൂറോളം ചെലവഴിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് ഈ അവസ്ഥയുണ്ടായത്. സൈക്കിള്‍ ട്രാക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വംശിയെ ഉടന്‍ തന്നെ മേറ്റര്‍ മിസെറികോര്‍ഡിയ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ശരീര താപനില 24 ഡിഗ്രിയായി കുറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കി. മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ക്ഷയരോഗത്തിന് ചികിത്സ തേടിയിരുന്ന വംശി, ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരുന്നതായി ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയിലുള്ള സഹോദരി വാണി പ്രസന്ന ഗുട്ട വീഡിയോ ലിങ്ക് വഴി മൃതദേഹം തിരിച്ചറിഞ്ഞു. 2021-ല്‍ അയര്‍ലണ്ടിലെത്തിയ വംശി, അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു എന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാല്‍, ഇദ്ദേഹം വിവിധ തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം വാഗ്ദാനം ചെയ്ത് ഏകദേശം 1,00,000 യൂറോയോളം തട്ടിയെടുത്തതായി ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളുണ്ട്.

തന്റെ സഹോദരന്റെ മരണവിവരമറിഞ്ഞ സഹോദരി, ചികിത്സ നല്‍കിയ ആശുപത്രി അധികൃതര്‍ക്ക് നന്ദി അറിയിക്കുകയും കുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അപരിചിതരുമായി ബന്ധപ്പെട്ട് വംശിക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നതായി സഹോദരി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. ഡബ്ലിന്‍ ഡിസ്ട്രിക്റ്റ് കൊറോണര്‍ കോടതിയിലാണ് ഇതുസംബന്ധിച്ച നടപടികള്‍ നടന്നത്.

Photo and News Source: Sathyam Online