സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത നാല് ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഇന്ന് കാസർഗോഡ്, കണ്ണൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നലിൽ നിന്ന് രക്ഷനേടാനുള്ള മുൻകരുതലുകൾ കർശനമായി പാലിക്കണം.
അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതാണ് നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണം. മെയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാൻ അനുകൂല സാഹചര്യമുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Photo and News Source: Kairali News










