ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15 വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സൂചന. പരീക്ഷയുടെ മൂല്യനിര്‍ണ്ണയവും അനുബന്ധ നടപടികളും ഇതിനോടകം തന്നെ വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് നിര്‍ണ്ണായക യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനങ്ങള്‍ പുറത്തുവരിക.
നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ 15-ാം തീയതി ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. പരീക്ഷാ ബോര്‍ഡ് യോഗത്തിന് ശേഷം സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം കൂടി ആവശ്യമായതിനാലാണ് ബുധനാഴ്ച തന്നെ യോഗം ചേരുന്നത്. വെള്ളിയാഴ്ച ഫലം പ്രസിദ്ധീകരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പരീക്ഷാ ഭവന്‍ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിലെ കാലതാമസം കാരണം ഇത്തവണ ഫലപ്രഖ്യാപനം ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കാനാണ് സാധ്യത. സാധാരണയായി വിദ്യാഭ്യാസമന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളതെങ്കിലും, നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചീഫ് സെക്രട്ടറിയോ പൊതുവിദ്യാഭ്യാസ ഡയറക്ടറോ ആയിരിക്കും ഫലം ഔദ്യോഗികമായി അറിയിക്കുക. 2021-ലെ തിരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയില്‍ ഉദ്യോഗസ്ഥരായിരുന്നു ഫലപ്രഖ്യാപനം നടത്തിയിരുന്നത്.
Photo and News Source: Suprabhaatham









