പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായതോടെ, ഇന്ധനം ലാഭിക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഇതിന്റെ ഭാഗമായി തന്റെ സുരക്ഷാ വാഹനവ്യൂഹത്തിന്റെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ, നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഈ മാതൃക പിന്തുടർന്ന് കേന്ദ്രമന്ത്രി രാമദാസ് അത്താവലെയും ദൽഹി മന്ത്രി കപിൽ മിശ്രയും പൊതുഗതാഗത സംവിധാനമായ മെട്രോ ട്രെയിനുകളെ ആശ്രയിച്ചു. രാമദാസ് അത്താവലെ വിധാൻ സഭയിൽ നിന്ന് ബികെസിയിലേക്കും, കപിൽ മിശ്ര തന്റെ ഔദ്യോഗിക യാത്രകൾക്കും മെട്രോ ഉപയോഗിച്ചു. ഇരുവരും പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഇന്ധനക്ഷാമം നേരിടാൻ വിവിധ സംസ്ഥാനങ്ങളും കർശന നടപടികളിലേക്ക് കടക്കുകയാണ്. ഉത്തരാഖണ്ഡ് സർക്കാർ 11 ഇന ചെലവുചുരുക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഇതിൻപ്രകാരം സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും, പൊതുഗതാഗതമോ ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. വിദേശനാണ്യ നഷ്ടം ഒഴിവാക്കാൻ അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര സർക്കാരും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാർ വിമാനയാത്രകൾ പരമാവധി ഒഴിവാക്കാനും, ഔദ്യോഗിക യോഗങ്ങൾ ഓൺലൈനായി നടത്താനും നിർദ്ദേശം നൽകി. കേന്ദ്രസർക്കാരിന്റെ മറ്റ് മന്ത്രാലയങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ ഉടൻ നടപ്പിലാക്കുമെന്നാണ് സൂചന. സർക്കാർ ജീവനക്കാരുടെ വാഹന ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഉടൻ ഉണ്ടായേക്കും.

Photo and News Source: Janmabhumi