സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോഴിക്കോട്ട് ചേർന്ന ലീഗ് അടിയന്തര നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, ഈ വിഷയത്തിൽ അനാവശ്യമായ കാലതാമസം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് തീരുമാനം വന്നാൽ തുടർനടപടികൾ സ്വീകരിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള നിർണ്ണായക കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ തങ്ങളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നാലുടൻ മാധ്യമങ്ങളെ കണ്ട് വിശദാംശങ്ങൾ പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടെന്ന ആരോപണങ്ങളെ കുഞ്ഞാലിക്കുട്ടി തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്നും, ഭരണം നടത്തുന്നത് യുഡിഎഫ് ആണെന്ന കാര്യം ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി തങ്ങൾ, പി.എം.എ. സലാം, എം.കെ. മുനീർ, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, കെ.പി.എ. മജീദ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
Photo and News Source: Sathyam Online









