കിളിമാനൂർ ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽ വനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന മയിലുകൾ ഇപ്പോൾ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്തിന് പിന്നാലെ മയിലുകളും കാടിറങ്ങിയത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നേരത്തെ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നെങ്കിൽ, ഇപ്പോൾ മയിലുകൾ ചീര ഉൾപ്പെടെയുള്ള പച്ചക്കറികൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു.

തുടക്കത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള കൂട്ടങ്ങളായി എത്തുന്ന മയിലുകൾക്ക് നാട്ടുകാർ പഴങ്ങളും ധാന്യങ്ങളും നൽകിയിരുന്നു. എന്നാൽ, മനുഷ്യരോട് ഇണങ്ങിയ മയിലുകൾ ഇപ്പോൾ വീടുകൾക്കുള്ളിൽ കയറി ധാന്യങ്ങൾ ഭക്ഷിക്കുകയും കോഴികൾക്കൊപ്പം നടക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. മഴക്കാറ് കാണുമ്പോൾ വീടിന്റെ ടെറസിന് മുകളിൽ നൃത്തം ചെയ്യുന്ന മയിലുകൾ കർഷകർക്ക് ഇപ്പോൾ ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.

ഒച്ച്, അട്ട, ചെറിയ പാമ്പുകൾ എന്നിവയെ ഭക്ഷിക്കുന്ന മയിലുകൾ കൂട്ടത്തോടെ എത്തി കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് കർഷകരെ വലയ്ക്കുന്നുണ്ട്. കാവുകളിലും പൊന്തക്കാടുകളിലും മുട്ടയിട്ട് കുഞ്ഞുങ്ങളുമായി എത്തുന്ന മയിലുകളെ തുരത്താൻ കർഷകർ പാടുപെടുകയാണ്. പയർ വർഗങ്ങളും പച്ചക്കറികളും നശിപ്പിക്കുന്ന ഇവയെ ഓടിക്കാൻ കർഷകർ പല വഴികൾ നോക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

ദേശീയ പക്ഷിയായ മയിലുകളെ ഉപദ്രവിക്കുന്നതോ കൊല്ലുന്നതോ നിയമപ്രകാരം കുറ്റകരമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം മയിലുകളെ ഉപദ്രവിച്ചാൽ ഏഴ് വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നിയമപരമായ ഈ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ, മയിലുകളെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ ആശങ്കയിലാവുകയാണ് പ്രദേശവാസികൾ.

Photo and News Source: Kerala Kaumudi Latest