തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഒമ്പത് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ രംഗത്ത്. സാറാ ജോസഫ്, എം. എൻ. കാരശ്ശേരി, കൽപ്പറ്റ നാരായണൻ, കെ. ജി. ശങ്കരപ്പിള്ള, യു. കെ. കുമാരൻ, എസ്. ജോസഫ്, ഡോ. ആസാദ്, ഡോ. സി.ജെ. ജോർജ് തുടങ്ങിയ പ്രമുഖർ ഒപ്പിട്ട പ്രസ്താവനയിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധമായ ഇടപെടലുകളെ വിമർശിക്കുന്നത്.
മേയ് നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തത് ജനവിധിയെ അവഗണിക്കുന്നതിന് തുല്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിക്കാൻ നേതൃതലത്തിൽ നടക്കുന്ന ഗൂഢാലോചനകൾ ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നതാണ്. ജനാധിപത്യ മര്യാദകൾ ലംഘിച്ച് പുറത്തുനിന്നുള്ള താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇതൊരു ആഭ്യന്തര പ്രശ്നമായി മാത്രം കാണാനാവില്ലെന്നും, ജനങ്ങൾ വോട്ട് ചെയ്തത് ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ മുൻനിർത്തിയാണെന്നും സാംസ്കാരിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. ജനനിശ്ചയം അട്ടിമറിക്കാനുള്ള ശ്രമം ജനങ്ങൾക്കെതിരായ യുദ്ധമാണെന്നും, ഇതിനെതിരെ പ്രതികരിക്കാൻ പൗരസമൂഹത്തിന് അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വൈകിയ വേളയിലെങ്കിലും തെറ്റുതിരുത്തി ജനാധിപത്യ മര്യാദകൾ പാലിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം.
ഈ സാഹചര്യത്തിൽ ജനാധിപത്യം സംരക്ഷിക്കുന്നതിനായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സാംസ്കാരിക പ്രവർത്തകരോടും രാഷ്ട്രീയ ചിന്തകരോടും ഇവർ ആഹ്വാനം ചെയ്തു. കേരളം ഒരു രാഷ്ട്രീയ വഞ്ചനയുടെ വക്കിലാണെന്നും, ഉത്തരവാദിത്തപ്പെട്ടവർ ജനവികാരം ഉൾക്കൊണ്ട് ഉചിതമായ തീരുമാനമെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
Photo and News Source: Mathrubhumi









