തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ അണ്ണാഡിഎംകെ വിമതരുടെ പിന്തുണയോടെ വിജയ് സർക്കാർ വിജയിച്ചതിന് പിന്നാലെ, രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ രംഗത്തെത്തി. നല്ല രാഷ്ട്രീയം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവർ ഇപ്പോൾ ചെയ്യുന്നത് തികച്ചും മോശമായ രാഷ്ട്രീയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടക്കം തന്നെ ഇത്രയും അധാർമികമാണെങ്കിൽ ഭരണം എങ്ങനെ അവസാനിക്കുമെന്ന് ആശങ്കയുണ്ടെന്നും സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പിൽ അണ്ണാഡിഎംകെ അംഗങ്ങളെ പിളർത്തിയതിന് പ്രതിഫലമായി എന്താണ് നൽകാൻ പോകുന്നതെന്ന് അറിയാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് സ്റ്റാലിൻ പരിഹസിച്ചു. തന്നെ വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങൾ ഇപ്പോൾ ഏറെ ഖേദിക്കുകയാണെന്നും, ഭരണകക്ഷിയുടെ ഇത്തരം നടപടികൾ അനാരോഗ്യകരമായ രാഷ്ട്രീയ സംസ്കാരത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓരോ നീക്കവും ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ഡിഎംകെ അംഗങ്ങൾ വിട്ടുനിന്നു. ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പ്രേമലത വിജയകാന്ത്, പ്രൊഫസർ ജവാഹിറുള്ള, തമീമുൻ അൻസാരി, നിത്യാനന്ദം തുടങ്ങിയവരും സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇവരുടെ നിലപാടിനെ സ്റ്റാലിൻ അഭിനന്ദിച്ചു. തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഒഴിവാക്കാൻ വിജയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകിയ സഖ്യകക്ഷികളുടെ നിലപാടിനെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പിൽ 25 അണ്ണാഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണയോടെ വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. ഇതോടെ സർക്കാരിന്റെ പിന്തുണ 144 ആയി ഉയർന്നു. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ മാത്രം മതിയായിരുന്നിടത്താണ് വിജയ് സർക്കാർ വ്യക്തമായ ഭൂരിപക്ഷം നേടിയത്. ഇതോടെ അടുത്ത ആറ് മാസത്തേക്ക് വിജയ് സർക്കാരിന് സുരക്ഷിതമായി ഭരണം തുടരാനാകും.
Photo and News Source: Asianet News










