കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ വർധിപ്പിച്ചതിന് പിന്നാലെ കേരളത്തിൽ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 10,200 രൂപയും, ഗ്രാമിന് 1,275 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,23,120 രൂപയായി ഉയർന്നു.

വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനുമായാണ് കേന്ദ്ര സർക്കാർ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്. ഇതിൽ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻ്റ് സെസ്സും ഉൾപ്പെടുന്നു.

ഈ തീരുമാനത്തിന് പിന്നാലെയാണ് സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിയത്. ഇറക്കുമതി തീരുവ വർധിപ്പിച്ചത് വില കുതിച്ചുയരാൻ കാരണമാകുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ വ്യക്തമാക്കി. ഈ മാറ്റം മൂലം സ്വർണത്തിന് 9 ശതമാനം അധിക വില ഈടാക്കേണ്ടി വരുമെന്നും, ഇത് സ്വർണക്കള്ളക്കടത്ത് വർധിക്കാൻ കാരണമാകുമെന്നും അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു.

Photo and News Source: Janmabhumi