കോഴിക്കോട്: ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് 108.28 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേർ അറസ്റ്റിലായി. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി. അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് പിടിയിലായത്. ഡിസ്ട്രിക് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് നടന്ന സംയുക്ത ഓപ്പറേഷനിലായിരുന്നു അറസ്റ്റ്.

ലഹരി വിൽപ്പനയ്ക്കായി നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് യുവാക്കൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന രീതിയായിരുന്നു ഇവരുടേത്. പോലീസ് സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറികൾ വാടകയ്ക്കെടുക്കുന്നതായിരുന്നു ഇവരുടെ തന്ത്രം. അമൽ മുൻപും എം.ഡി.എം.എ. കേസിൽ ഉൾപ്പെട്ടയാളാണ്. ഒട്ടേറെ കേസുകൾ നിലവിലുണ്ട്. അന്വേഷണസംഘത്തിൽ ഡാൻസാഫ് ഉദ്യോഗസ്ഥരും പോലീസ് ടീമും ഉൾപ്പെടുന്നു.

Photo and News Source: Mathrubhumi