ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് ബലിപെരുന്നാൾ ആഘോഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ പ്രവാസി വെൽഫെയർ ഒരുക്കുന്ന 'ഈദ് ഫെസ്റ്റ് 26'-ന്റെ രജിസ്‌ട്രേഷൻ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. ബലിപെരുന്നാളിന്റെ രണ്ടാം ദിനത്തിൽ സഗയ്യ ബി.എം.സി ഹാളിലാണ് ഈ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. 'ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രവാസികൾക്കിടയിൽ സാഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
പ്രവാസി വെൽഫെയർ എക്‌സിക്യൂട്ടീവ് അംഗവും രജിസ്‌ട്രേഷൻ ടീം ലീഡറുമായ അഡ്വ. ഷഫ്ന തയ്യിബ്, പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഉമ്മു അമ്മാറിൽ നിന്ന് ആദ്യ രജിസ്‌ട്രേഷൻ സ്വീകരിച്ചുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, സെക്രട്ടറി ഇർഷാദ് കോട്ടയം, രജിസ്‌ട്രേഷൻ ടീം അംഗങ്ങളായ അക്ബർ ഷാ, സബീന അബ്ദുൽ ഖാദർ, റഷീദ ബദറുദ്ദീൻ, സലീന ജമാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
രുചികരമായ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള സാഹോദര്യ ഈദ് ലഞ്ചും, പ്രവാസികളുടെ മനംനിറയ്ക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും ഈ വർഷത്തെ ഈദ് ഫെസ്റ്റിന്റെ പ്രത്യേകതകളാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 36617916 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണെന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ അറിയിച്ചു.
Photo and News Source: Mathrubhumi







