തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യുടെ ചിത്രീകരണം പൂർത്തിയായി. 2026 ജൂൺ 4-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. വടക്കേ അമേരിക്കയിൽ ചിത്രത്തിന്റെ പ്രീമിയർ ടിക്കറ്റുകൾ ഇതിനോടകം 7,500-ലധികം വിറ്റഴിഞ്ഞു എന്നത് ചിത്രത്തിന് ലഭിക്കുന്ന വമ്പൻ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. നേരത്തെ മാർച്ചിലും ഏപ്രിലിലും റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും, ചിത്രീകരണത്തിലെ കാലതാമസം കാരണം റിലീസ് ജൂണിലേക്ക് മാറ്റുകയായിരുന്നു. വേനലവധിക്കാലത്തിന്റെ അവസാനത്തിൽ ചിത്രം റിലീസ് ചെയ്യുന്നത് ബോക്സ് ഓഫീസിൽ ഗുണം ചെയ്യുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റിൽ എ.ആർ. റഹ്മാൻ ഈണം നൽകിയ പ്രത്യേക ഗാനം ചിത്രീകരിച്ചതോടെയാണ് സിനിമയുടെ പാക്കപ്പ് പൂർത്തിയായത്. ഗുസ്തിയുടെയും ക്രിക്കറ്റിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാം ചരൺ ഒരു പെഹൽവാനായാണ് എത്തുന്നത്. ഇതിനായി താരം നടത്തിയ ശാരീരിക പരിവർത്തനം നേരത്തെ പുറത്തുവന്ന ഗ്ലിമ്പ്സ് വീഡിയോയിലൂടെ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡ് താരം ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നു. രാം ചരണും ശിവരാജ് കുമാറും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങൾ ഇതിനോടകം തന്നെ ആഗോളതലത്തിൽ വലിയ ഹിറ്റായി മാറിയിട്ടുണ്ട്.

Photo and News Source: Asianet News