തൃശൂർ അരിയന്നൂരിൽ നടന്ന മോഷണക്കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്. വീട്ടിൽ നിന്ന് മോഷ്ടിച്ച പത്ത് പവൻ സ്വർണാഭരണങ്ങളിൽ ഭൂരിഭാഗവും മോഷ്ടാവ് തിരികെ എത്തിച്ചു നൽകി. ഇതിനൊപ്പം തന്റെ തെറ്റ് സമ്മതിച്ചുകൊണ്ടുള്ള ഒരു മാപ്പപേക്ഷാ കത്തും വീട്ടുടമയുടെ ഗേറ്റിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്’ എന്നിങ്ങനെയാണ് കത്തിൽ എഴുതിയിരുന്നത്. അക്ഷരപ്പിശകുകൾ നിറഞ്ഞ ഈ കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിന് സമീപമുള്ള കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ മോഷണം നടന്നത്.

വീട്ടുടമയുടെ മകൾ ഡോ. ബുഷറയും ഭർത്താവ് ഡോ. അബൂബക്കർ മുഹമ്മദ് റാഫിയും ഉറങ്ങുകയായിരുന്ന മുറിയോട് ചേർന്നുള്ള ഹാളിലെ അലമാരയിൽ നിന്നാണ് പത്ത് പവൻ സ്വർണം നഷ്ടപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കുകയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. മോഷ്ടാവിനെ തിരിച്ചറിയാൻ സാധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ താൻ ഉടൻ പിടിയിലാകുമെന്ന് ഉറപ്പായതിനാലാണ് ഇയാൾ സ്വർണം തിരികെ നൽകാൻ തീരുമാനിച്ചതെന്ന് പോലീസ് കരുതുന്നു.

തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാർക്ക് സ്വർണപ്പൊതി ലഭിച്ചത്. മോഷ്ടിച്ച പത്ത് പവനിൽ എട്ട് പവൻ സ്വർണം കവറിലാക്കി തിരികെ വെച്ചിട്ടുണ്ട്. ഒരു മാലയും ഒരു ജോടി കമ്മലും ഒഴികെയുള്ള ആഭരണങ്ങൾ വീട്ടുകാർക്ക് തിരികെ ലഭിച്ചു. കേസ് പിൻവലിക്കണമെന്ന അഭ്യർത്ഥന കത്തിൽ ഉണ്ടെങ്കിലും, നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.

Photo and News Source: Samakalika Malayalam