കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവെ, തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യരുടെ നിലപാട് മണ്ഡലത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് സന്ദീപ് വാര്യര്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പ്രാദേശിക തലത്തില്‍ പ്രതിഷേധത്തിന് കാരണമായത്.

വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്ന പേരുകള്‍. ഇതിനിടെ, തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ക്കായി സംഘടിപ്പിക്കാനിരുന്ന വിജയാഘോഷ റോഡ് ഷോകള്‍ യുഡിഎഫ് നേതൃത്വം താത്കാലികമായി നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മണ്ഡലത്തില്‍ വലിയ ആവേശത്തിലായിരുന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ തീരുമാനം വലിയ അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സന്ദീപ് വാര്യര്‍ക്കൊപ്പം കണ്ണൂര്‍, വയനാട് ജില്ലകളിലെ ചില കോണ്‍ഗ്രസ് എംഎല്‍എമാരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായി പുറത്തുവന്ന രേഖകളാണ് വിവാദത്തിന്റെ ആക്കം കൂട്ടിയത്. ഈ വിഷയത്തില്‍ യുഡിഎഫ് തൃക്കരിപ്പൂര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങളെത്തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിന്‍ പിരിച്ചുവിടേണ്ടി വന്നു. പ്രാദേശിക ഘടകങ്ങള്‍ സ്വതന്ത്രമായി സ്വീകരണ പരിപാടികള്‍ സംഘടിപ്പിച്ചേക്കാമെങ്കിലും സംയുക്ത റോഡ് ഷോകള്‍ ഉണ്ടാകില്ലെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദല്‍ഹി സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ സന്ദീപ് വാര്യര്‍ ഇന്ന് മണ്ഡലത്തിലെത്തുമെന്നാണ് വിവരം. അതേസമയം, സന്ദീപ് വാര്യര്‍ക്കെതിരായ പഴയ ആരോപണങ്ങളും സൈബര്‍ ആക്രമണങ്ങളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. ശബരിമല സമരകാലത്തെ നിലപാടുകളും മറ്റ് വിവാദങ്ങളും ഉയര്‍ത്തിക്കാട്ടി എതിരാളികള്‍ രംഗത്തെത്തിയതോടെ തൃക്കരിപ്പൂരിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.

Photo and News Source: Janmabhumi