അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കാന്‍ ഒരു മാസത്തില്‍ താഴെ മാത്രം സമയം അവശേഷിക്കേ, ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ വലിയ ആശങ്കയിലാണ്. ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം ഇതുവരെ ആരും സ്വന്തമാക്കാത്ത സാഹചര്യത്തില്‍, വിഷയം ഡല്‍ഹി ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. ദൂരദര്‍ശന്‍, ഡിഡി സ്‌പോര്‍ട്‌സ് തുടങ്ങിയ ഫ്രീ-ടു-എയര്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലോകകപ്പ് സംപ്രേഷണം ചെയ്യുന്നത് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
അഭിഭാഷകനായ അവ്‌ധേഷ് ബൈര്‍വ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പുരുഷീന്ദ്ര കുമാര്‍ കൗരവ്, കേന്ദ്ര സര്‍ക്കാരിനും പ്രസാര്‍ ഭാരതിക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. 2007-ലെ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗ് നിയമപ്രകാരം ഫിഫ ലോകകപ്പിനെ 'ദേശീയ പ്രാധാന്യമുള്ള കായിക മേള'യായി തരംതിരിച്ചിട്ടുള്ളതിനാല്‍, പൊതുജനങ്ങള്‍ക്ക് മത്സരം കാണാനുള്ള അവസരം ഒരുക്കേണ്ടത് അധികാരികളുടെ ബാധ്യതയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഫിഫ നിശ്ചയിച്ച ഉയര്‍ന്ന സംപ്രേഷണാവകാശ തുകയാണ് പ്രധാന തടസ്സം. നേരത്തെ 10 കോടി ഡോളറായിരുന്ന തുക പിന്നീട് 5 കോടിയായും, ഒടുവില്‍ 3.5 കോടി ഡോളറായും ഫിഫ കുറച്ചിരുന്നു. എങ്കിലും സോണി, ജിയോ സ്റ്റാര്‍ തുടങ്ങിയ വന്‍കിട കമ്പനികളൊന്നും ഈ തുക മുടക്കാന്‍ തയ്യാറായിട്ടില്ല. ഖത്തര്‍ ലോകകപ്പില്‍ വയാകോം 18 വലിയ ലാഭം കൊയ്തെങ്കിലും, ഇത്തവണത്തെ ഉയര്‍ന്ന നിരക്ക് ചാനലുകളെ പിന്തിരിപ്പിക്കുകയായിരുന്നു.
ദൂരദര്‍ശന് സംപ്രേഷണാവകാശം നല്‍കുന്നതിനെക്കുറിച്ച് ഫിഫ ആലോചിക്കുന്നുണ്ടെങ്കിലും, അതിലൂടെ സാമ്പത്തിക നേട്ടമൊന്നും ലഭിക്കില്ലെന്നതാണ് ഫിഫയെ കുഴക്കുന്നത്. ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമം കണക്കിലെടുത്ത് വലിയ വിപണന സാധ്യതയാണ് ഫിഫ ഇവിടെ കാണുന്നത്. എങ്കിലും, സംപ്രേഷണം അനിശ്ചിതത്വത്തിലായതോടെ ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം നഷ്ടപ്പെടുമോ എന്ന ആശങ്ക തുടരുകയാണ്.
Photo and News Source: Janmabhumi









