കേരളീയ കലകളുടെ ഈറ്റില്ലമായ കേരള കലാമണ്ഡലം ചരിത്രത്തിലാദ്യമായി പാഠപുസ്തകങ്ങളുമായി പുതിയ അധ്യയനവർഷത്തിലേക്ക്. പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഗുരുകുല സമ്പ്രദായത്തിന് പുറമെ, ശാസ്ത്രീയമായ പാഠപുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തി കലാപഠനം കൂടുതൽ ചിട്ടപ്പെടുത്താനാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്.സി.ഇ.ആർ.ടി.യുടെ സഹകരണത്തോടെ കലാമണ്ഡലത്തിലെ അധ്യാപകർ തന്നെയാണ് ഈ പുസ്തകങ്ങൾ തയ്യാറാക്കിയത്.
1930-ൽ മഹാകവി വള്ളത്തോൾ നാരായണ മേനോൻ സ്ഥാപിച്ച കാലം മുതൽ ഗുരുകുല രീതിയിലായിരുന്നു ഇവിടെ പഠനം. അധ്യാപകരുടെ നിർദ്ദേശങ്ങളും കാണിച്ചുതരുന്ന മുദ്രകളും മാത്രമായിരുന്നു വിദ്യാർത്ഥികളുടെ ഏക ആശ്രയം. എന്നാൽ ഡിജിറ്റൽ യുഗത്തിൽ കലയെ കൂടുതൽ ആധുനികവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. എട്ടു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി 14 വിഷയങ്ങളിലായി 60 പുസ്തകങ്ങളാണ് ഒന്നര മാസം കൊണ്ട് തയ്യാറാക്കിയത്.
മോഹിനിയാട്ടം, കഥകളിയിലെ വടക്കൻ-തെക്കൻ ചിട്ടകൾ തുടങ്ങി വിവിധ കലാരൂപങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ അധ്യയന വർഷം മുതൽ ഈ പാഠ്യപദ്ധതി നടപ്പിലാക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. ബി. അനന്തകൃഷ്ണൻ വ്യക്തമാക്കി. ഭാവിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇത്തരത്തിൽ പാഠ്യപദ്ധതി കൊണ്ടുവരാനാണ് കലാമണ്ഡലത്തിന്റെ തീരുമാനം.
Photo and News Source: Mathrubhumi







