ആലപ്പുഴയിലെ ഒരു സർക്കാർ ജീവനക്കാരൻ സാമൂഹിക മാധ്യമത്തിലൂടെ ലഭിച്ച മൂന്നുലക്ഷം രൂപ വായ്പാ പരസ്യത്തിനു അപേക്ഷിച്ചു. തുടക്കത്തിൽ വായ്പ പാസാക്കിയതായി ഫോൺ വഴി അറിയിച്ച എക്സിക്യൂട്ടീവ്, പണം ലഭിക്കാൻ കുറച്ചു പണം അയക്കണമെന്നും അത് തിരികെ ലഭിക്കുമെന്നും വ്യാജ വാഗ്ദാനം ചെയ്തു.

അക്കൗണ്ടിലേക്ക് പലതവണ പണം അയച്ചെങ്കിലും വായ്പയും അടച്ച പണവും ലഭിച്ചില്ല. തുടർന്ന് വിവിധ നമ്പറുകളിൽ നിന്നും വാട്‌സാപ്പ് വഴി വിളിച്ച തട്ടിപ്പുകാർ, സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും സൈബർ സഹായത്താൽ പണം തിരിച്ചു പിടിക്കാമെന്നും പറഞ്ഞു. തുടർന്ന് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പിൻവലിക്കാൻ നടപടി ഉള്ളതായി അറിയിച്ചു. ഇങ്ങനെ ജനുവരി 28 മുതൽ ഏപ്രിൽ 18 വരെ 127 തവണയായി 25.3 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഒടുവിൽ തട്ടിപ്പാണെന്നു മനസ്സിലാക്കിയ ഇദ്ദേഹം ആലപ്പുഴ സൈബർ പോലീസിൽ പരാതി നൽകി.

Photo and News Source: Mathrubhumi