അബുദാബി: യു.എ.ഇ.യുടെ സായുധസേനാ ഏകീകരണത്തിന് 50 വർഷങ്ങൾ പൂർത്തിയായി. 1976 മേയ് 6-ന് രാജ്യത്തിന്റെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നേതൃത്വത്തിൽ വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ ഒത്തുചേർന്ന് സേനയെ ഏകീകരിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വയം സമർപ്പിച്ച സൈനികർക്ക് നന്ദി അറിയിക്കുന്നുവെന്ന് യു.എ.ഇ. പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്സിൽ എഴുതി. "നിങ്ങളുടെ അചഞ്ചലമായ സമർപ്പണവും ത്യാഗവും യു.എ.ഇയെ വീടെന്ന് വിളിക്കുന്ന എല്ലാവർക്കും അഭിമാനമാണ്. ഇത് അഭിമാന നിമിഷമാണ്" എന്നദ്ദേഹം കുറിച്ചു.
യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ച നായകൻമാർക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും അഞ്ച് പതിറ്റാണ്ടുകളായി യു.എ.ഇയുടെ പേര് ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്ന നായമകൻമാരുടെ സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. യു.എ.ഇ.വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ "നമ്മുടെ സായുധസേനകൾ എല്ലായ്പ്പോഴും രാജ്യത്തിന്റെ നട്ടെല്ലായി തുടരുന്നുവെന്നും രാജ്യത്തിന്റെ സംരക്ഷണത്തിനായി സ്വയം സമർപ്പിച്ചവരുമുണ്ട്. ഇന്ന് ധൈര്യത്തിന്റെ ചരിത്രം കൂടിയാണ് ആഘോഷിക്കുന്നത്. കൂടുതൽ ശക്തവും അഭിമാനകരവുമായ ഭാവിയിലേക്ക് ആത്മിവിശ്വാസത്തോടെ നമുക്ക് കുതിക്കാമെന്നും" അദ്ദേഹം പറഞ്ഞു.
യു.എ.ഇ.സായുധസേന വിശ്വസ്തതയുടെ ഏറ്റവും ഉയർന്ന മൂല്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും രാഷ്ട്രത്തെ സംരക്ഷിക്കുന്നതിൽ സമർപ്പണം തുടരുകയാണെന്നും സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പറഞ്ഞു. യു.എ.ഇ.യുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിതെന്ന് സുപ്രീംകൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല വ്യക്തമാക്കി. "എല്ലാവർക്കും ആശ്വാസത്തോടെയും, ഉറപ്പോടെയും, ദൃഢനിശ്ചയത്തോടെയും പ്രവർത്തിക്കാനും ജീവിക്കാനുമുള്ള അവസരം സായുധസേനയുണ്ടാക്കിയെന്നും" അദ്ദേഹം പറഞ്ഞു.
യു.എ.ഇ. സ്ഥാപക നേതാക്കളുടെ ദർശനം ഉൾക്കൊള്ളുന്ന ഒരു തിളക്കമാർന്ന ദിവസമാണിതെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. രാജ്യത്തിന്റെ വിശ്വസ്തരായ സൈനികർ വിവിധ മേഖലകളിൽ അസാധാരണമായ കഴിവാണ് പ്രകടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സായുധ സേനകളെ ഒരു പതാകയ്ക്കും ഒരു നേതൃത്വത്തിനും കീഴിൽ ഏകീകരിച്ച്, സുരക്ഷയുടെയും സ്ഥിരതയുടെയും അടിത്തറ പാകി, പതിറ്റാണ്ടുകളായി ആത്മവിശ്വാസത്തോടെ യു.എ.ഇയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തമാക്കിയ നിർണായക നിമിഷത്തിൽ അഭിമാനിക്കുന്നുവെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി പറഞ്ഞു.
ഈ നാഴികക്കല്ല് വീരോചിതമായ നേട്ടങ്ങളുമായും സായുധ സേന പ്രകടിപ്പിച്ച ആത്മാർഥമായ ധീരതയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി അഭിപ്രായപ്പെട്ടു. "രാഷ്ട്രത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനും, ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും, അന്തസ്സ് സംരക്ഷിക്കുന്നതിനും, അഭേദ്യമായ ഒരു കവചമായി സായുധസേന ഉറച്ചുനിൽക്കുന്നുവെന്നും" അദ്ദേഹം പറഞ്ഞു.
Photo and News Source: Mathrubhumi










