പുതിയ സിബിഐ ഡയറക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല സമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. നിയമന പ്രക്രിയയിൽ സുതാര്യതയില്ലെന്നും സർക്കാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. താൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു റബർ സ്റ്റാമ്പല്ലെന്നും, നിയമനവുമായി ബന്ധപ്പെട്ട രേഖകൾ യഥാസമയം ലഭ്യമാക്കിയില്ലെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
തുടർച്ചയായി ആവശ്യപ്പെട്ടിട്ടും പരിഗണനാ പട്ടികയിലുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകാൻ സർക്കാർ തയ്യാറായില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. യോഗം ചേരുന്ന ദിവസം മാത്രമാണ് ചില വിവരങ്ങൾ കൈമാറിയത്. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ പക്ഷപാതപരമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസികളെ സർക്കാർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്നും, പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും വിമർശകരെയും സിബിഐയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി 2026 മെയ് 24-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. ശത്രുജിത്ത് സിംഗ് കപൂർ, ജി.പി. സിംഗ് എന്നിവർ പരിഗണനാ പട്ടികയിൽ മുൻനിരയിലുണ്ട്. അതേസമയം, പ്രവീൺ സൂദിന് കാലാവധി നീട്ടി നൽകാനുള്ള സാധ്യതയും സജീവമാണ്. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്.
Photo and News Source: Asianet News








