നീറ്റ് പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും തടയുന്നതിനായി അതീവ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്താറുള്ളത്. വസ്ത്രധാരണത്തിൽ പോലും വലിയ നിയന്ത്രണങ്ങളുണ്ട്. മെറ്റൽ ഭാഗങ്ങളുള്ള വസ്ത്രങ്ങൾ, കറുത്ത വസ്ത്രങ്ങൾ, ബെൽറ്റ്, ആഭരണങ്ങൾ എന്നിവയ്ക്ക് വിലക്കുണ്ട്. മുൻകാലങ്ങളിൽ കൊല്ലത്തും കണ്ണൂരിലും വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത് വലിയ വിവാദമായിരുന്നു. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മെറ്റൽ ഡിറ്റക്ടർ, ബയോമെട്രിക് പരിശോധനകൾ എന്നിവ നിർബന്ധമാണ്.
പരീക്ഷാ ഹാളിലേക്ക് പേന പോലും കൊണ്ടുപോകാൻ അനുവദിക്കില്ല. വാച്ച്, മൊബൈൽ ഫോൺ, കാൽക്കുലേറ്റർ, പേഴ്സ്, ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങി ഒട്ടുമിക്ക വസ്തുക്കളും നിരോധിച്ചിരിക്കുന്നു. പരീക്ഷാ ഹാളിൽ നൽകുന്ന പേന ഉപയോഗിച്ച് വേണം ഉത്തരങ്ങൾ രേഖപ്പെടുത്താൻ. പരീക്ഷാ സമയത്ത് ടോയ്‌ലറ്റിൽ പോകാൻ പോലും കർശന നിയന്ത്രണങ്ങളുണ്ട്. ഇത്രയും സുരക്ഷാ സംവിധാനങ്ങൾക്കിടയിലാണ് ചോദ്യപേപ്പർ ചോർച്ചയും കരിഞ്ചന്തയിലെ വിൽപ്പനയും നടന്നിരിക്കുന്നത് എന്നത് വലിയൊരു വീഴ്ചയായി മാറുന്നു.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 180 ചോദ്യങ്ങളാണുള്ളത്. ഓരോ ശരിയുത്തരത്തിനും നാല് മാർക്കും തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റീവ് മാർക്കും ലഭിക്കും. ആകെ 720 മാർക്കാണ് പരീക്ഷയ്ക്കുള്ളത്. ഒരു ചോദ്യത്തിന് ശരാശരി ഒരു മിനിറ്റ് മാത്രമാണ് ലഭിക്കുന്നത്. ഇത്തവണ പരീക്ഷ താരതമ്യേന എളുപ്പമായിരുന്നതിനാൽ വിദ്യാർത്ഥികൾ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കപ്പെട്ടത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
Photo and News Source: Kerala Kaumudi Latest






