സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. പുതിയ സർക്കാർ ഇതുവരെ അധികാരമേൽക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. സാധാരണയായി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ നിലവിൽ വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ ഇല്ലാത്ത സാഹചര്യം ഔദ്യോഗിക നടപടികൾക്ക് തടസ്സമാകുന്നു.

പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പരീക്ഷാഭവൻ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ഫലപ്രഖ്യാപനം നിശ്ചയിച്ച തീയതിയിൽ തന്നെ നടക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നാളെ ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

പരീക്ഷാ ബോർഡ് യോഗം ചേർന്നാൽ ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരു ദിവസം കൂടി ആവശ്യമായി വരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. 2021-ലെ തെരഞ്ഞെടുപ്പ് കാലത്ത് സമാനമായ സാഹചര്യമുണ്ടായപ്പോൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഇത്തവണയും അത്തരമൊരു നടപടി സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ മറുപടി നൽകിയിട്ടില്ല.

Photo and News Source: Kairali News