അന്താരാഷ്ട്ര ചലച്ചിത്ര വിപണിയായ മാർഷേ ദു ഫിലിമിൽ ആദ്യമായി സാന്നിധ്യം അറിയിച്ച് 'ന്യൂട്ടൻ സിനിമ'. മേയ് 12-ന് കാനിലെ ലെറിൻ സിനിമ ക്ലബ്ബിൽ ന്യൂട്ടൻ സിനിമ നിർമിച്ച് സെമ്മലർ അന്നം സംവിധാനം ചെയ്ത 'മയിലാ'യുടെ പ്രത്യേക പ്രദർശനം നടക്കും. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ ഭാഷകളിലായി കലാപരമായ ധൈര്യവും ആഗോള പ്രസക്തിയുമുള്ള സിനിമകൾ അവതരിപ്പിച്ചുകൊണ്ട് ന്യൂട്ടൻ സിനിമ അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. പലേ -1, 27.03 എന്ന ബൂത്തിലാണ് ഇവർ തങ്ങളുടെ സിനിമകളുടെ നിരയുമായി എത്തുന്നത്.

ഇതോടൊപ്പം, പ്രശസ്ത സംവിധായകൻ സലിം അഹമ്മദിന്റെ അഞ്ചാമത്തെ ചിത്രമായ 'ലെഫ്‌റ്റോവർ' ന്യൂട്ടൻ സിനിമ പ്രഖ്യാപിച്ചു. അർജുൻ രാധാകൃഷ്ണൻ, സറിൻ ഷിഹാബ്, തൻമയ് ധനനിയ, ശ്വേത ബസു പ്രസാദ്, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സലിം അഹമ്മദും പി.വി. ഷാജികുമാറും ചേർന്നാണ് രചിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണവും എ. ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു. നിശബ്ദത, ഓർമ്മ, ധാർമികത എന്നിവ പ്രമേയമാകുന്ന ഈ ചിത്രം അതിർത്തികൾക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് സലിം അഹമ്മദ് വ്യക്തമാക്കി.

റോട്ടർഡാം, ടൗളൂസ് ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ 'മയിലാ' ടൗളൂസിൽ ഓഡിയൻസ് അവാർഡും കരസ്ഥമാക്കിയിരുന്നു. കൂടാതെ, പ്രസന്ന വിത്താനഗെ സംവിധാനം ചെയ്യുന്ന 'ദി ഗാംബ്ലർ', സലിം അഹമ്മദിന്റെ 'ദ സോർബോൺ കോൺസ്പിറസി', നിതിൻ ലൂക്കോസിന്റെ 'ദ വൈൽഡ് ഹണ്ട്' എന്നിവയും ന്യൂട്ടൻ സിനിമയുടെ കാൻ മാർക്കറ്റ് പട്ടികയിലുണ്ട്. സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്ക് വേദിയൊരുക്കാനും കേൾക്കാതെ പോകുന്ന ശബ്ദങ്ങളെ ലോക സിനിമയുടെ മുന്നിലെത്തിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ന്യൂട്ടൻ സിനിമ അധികൃതർ അറിയിച്ചു.

Photo and News Source: Mathrubhumi