കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവള റോഡിലുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിനിയായ ഇഷാന ഇസ്മത് (21) ദാരുണമായി കൊല്ലപ്പെട്ടു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലെത്തിയതായിരുന്നു ഇഷാന. അത്താണിയിലെ പെട്രോള്‍ പമ്പിന് സമീപത്തെ വളവില്‍ വെച്ച് ഇഷാന സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അതിവേഗത്തിലെത്തിയ സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു.

അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് അരൂര്‍ സ്വദേശിയായ 17 വയസ്സുകാരനാണെന്ന് പോലീസ് കണ്ടെത്തി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇയാള്‍. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. ബൈക്ക് ഓടിച്ചിരുന്ന ഇഷാനയുടെ സുഹൃത്ത് സര്‍ഫാത്ത് പരിക്കുകളോടെ ചികിത്സയിലാണ്.

കാസര്‍കോട് യുനൈറ്റഡ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു ഇഷാന. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയാണ് ഇഷാന കൊച്ചിയിലെത്തിയത്. പരേതനായ അബൂബക്കറിന്റെയും നഫീസയുടെയും മകളാണ് ഇഷാന. അങ്കമാലി താലൂക്ക് ആശുപത്രിയിലെ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ വാഹനം ഓടിച്ച് അപകടം വരുത്തിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

Photo and News Source: Suprabhaatham