മുട്ട ഒരു സമ്പൂർണ്ണ സമീകൃതാഹാരമാണ്. ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, കോളിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ദിവസവും ഒന്നോ രണ്ടോ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ ബലം വർദ്ധിപ്പിക്കാനും, കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനും, ശരീരഭാരം നിയന്ത്രിക്കാനും ഏറെ സഹായിക്കും.

എങ്കിലും, മുട്ടയുടെ അളവ് തീരുമാനിക്കുമ്പോൾ ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി കൂടി പരിഗണിക്കേണ്ടതുണ്ട്. ഹൃദ്രോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ മുട്ട കഴിക്കുമ്പോൾ മിതത്വം പാലിക്കണം. പ്രമേഹരോഗികൾ ദിവസവും ഒന്നിലധികം മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിന് മുൻപ് തീർച്ചയായും ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

മുട്ടയുടെ വെള്ളയിൽ പേശികളുടെ വളർച്ചയ്ക്കും കേടുപാടുകൾ തീർക്കുന്നതിനും ആവശ്യമായ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ തിമിരം, പ്രായമാകുമ്പോഴുണ്ടാകുന്ന കാഴ്ചക്കുറവ് എന്നിവ തടയാൻ സഹായിക്കുന്നു. കൂടാതെ, പ്രോട്ടീൻ കൂടുതലും കലോറി കുറവുമായതിനാൽ മുട്ട കഴിക്കുന്നത് കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതഭക്ഷണം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. മിതമായ അളവിലുള്ള മുട്ടയുടെ ഉപയോഗം ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും ഗുണകരമാണ്.

Photo and News Source: Kerala Kaumudi