ചോദ്യപേപ്പർ ചോർന്നുവെന്ന ഗുരുതരമായ ആരോപണത്തെത്തുടർന്ന് നീറ്റ് യുജി (NEET UG) പരീക്ഷ റദ്ദാക്കി. മേയ് മൂന്നിന് നടന്ന പരീക്ഷയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പരീക്ഷ വീണ്ടും നടത്തുമെന്നും ഇതിനായുള്ള തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചനകൾ.
പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിലെ 135 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നതാണ് പ്രധാന ആരോപണം. സികാറിലെ ഒരു പരീക്ഷാ പരിശീലന കേന്ദ്രത്തിൽ പ്രചരിച്ച 600-ഓളം ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുള്ളതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപേ ചോദ്യപേപ്പർ ചോർന്നതായാണ് വിവരം.
ചോദ്യപേപ്പർ 20,000 മുതൽ രണ്ടുലക്ഷം രൂപ വരെ നൽകി വിറ്റതായും, ഏകദേശം 30,000 ചോദ്യാവലികൾ ഇത്തരത്തിൽ വിറ്റഴിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി ഉൾപ്പെടെ 13 പേരെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ കോച്ചിംഗ് സെന്റർ ഉടമയും വിദ്യാർത്ഥികളും ഉൾപ്പെടുന്നു. അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
Photo and News Source: Kairali News










