പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ചന്ദ്രനാഥ് രഥിന്റെ കൊലപാതകം സിബിഐ അന്വേഷിക്കും. സംസ്ഥാന പൊലീസിന്റെ ശുപാർശയെത്തുടർന്നാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. അന്വേഷണത്തിനായി ഡിഐജി പങ്കജ് സിങ്ങിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘത്തെ സിബിഐ ഇതിനകം രൂപീകരിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മെയ് ആറിനാണ് 41 വയസ്സുകാരനായ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ വെച്ച് രാത്രി 10:30-ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി സംഘം ചന്ദ്രനാഥ് സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. പത്തോളം റൗണ്ട് വെടിയുതിർത്ത അക്രമികൾ സംഭവസ്ഥലത്തുനിന്ന് ഉടൻ തന്നെ രക്ഷപ്പെട്ടു. ആക്രമണത്തിൽ ചന്ദ്രനാഥ് രഥ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും ഡ്രൈവർ ബുദ്ധദേബ് ബേരയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ബംഗാൾ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിൽ നിന്ന് മായങ്ക് രാജ് മിശ്ര, വിക്കി മൗര്യ എന്നിവരെയും ഉത്തർപ്രദേശിൽ നിന്ന് രാജ് സിങ്ങിനെയുമാണ് പിടികൂടിയത്. ഇതിൽ രാജ് സിങ് ആണ് കൊലപാതകത്തിലെ പ്രധാന ഷാർപ്പ് ഷൂട്ടർ എന്ന് പൊലീസ് സംശയിക്കുന്നു. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളും യുപിഐ പേയ്മെന്റ് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

കൊലപാതകത്തിൽ നേരിട്ടും ഗൂഢാലോചനയിലുമായി എട്ടുപേരിലധികം ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കോടതിയിൽ ഹാജരാക്കി മെയ് 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇപ്പോൾ കേസ് സിബിഐ ഏറ്റെടുത്തതോടെ അന്വേഷണം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

Photo and News Source: Asianet News