ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ സൺറൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും ഇന്ന് അഹമ്മദാബാദിൽ ഏറ്റുമുട്ടുന്നു. വൈകിട്ട് ഏഴരയ്ക്ക് ആരംഭിക്കുന്ന മത്സരം ഇരു ടീമുകൾക്കും ഒരുപോലെ നിർണായകമാണ്. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഹൈദരാബാദ് പട്ടികയിൽ രണ്ടാമതും, അത്രയും പോയിന്റുള്ള ഗുജറാത്ത് മൂന്നാമതുമാണ്. ഇന്നത്തെ വിജയികൾ പ്ലേ ഓഫ് ബർത്ത് ഏതാണ്ട് ഉറപ്പിക്കും.
ഈ മത്സരഫലം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനും അതീവ നിർണായകമാണ്. ജയത്തിനപ്പുറം മികച്ച നെറ്റ് റൺറേറ്റ് നിലനിർത്തുക എന്നതും ഇരു ടീമുകളുടെയും ലക്ഷ്യമാണ്. തുടർച്ചയായി നാല് വിജയങ്ങളുമായാണ് ശുഭ്മൻ ഗില്ലും സംഘവും ഇറങ്ങുന്നത്. മറുവശത്ത്, അവസാന ഏഴ് മത്സരങ്ങളിൽ ആറിലും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്.
ഗുജറാത്തിന്റെ ബാറ്റിംഗ് നിരയിൽ ശുഭ്മൻ ഗിൽ, സായ് സുദർശൻ എന്നിവർക്കൊപ്പം റാഷിദ് ഖാന്റെ ഫോമും ടീമിന് കരുത്താകുന്നു. ഹൈദരാബാദിന്റെ കരുത്ത് അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയാണ്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ തിരിച്ചുവരവ് ഹൈദരാബാദ് ബൗളിംഗിന് കൂടുതൽ മൂർച്ച നൽകിയിട്ടുണ്ട്. നേർക്കുനേർ കണക്കുകളിൽ ആറിൽ അഞ്ച് മത്സരങ്ങളും ജയിച്ച ഗുജറാത്തിനാണ് മുൻതൂക്കം.
Photo and News Source: Asianet News









