ഇംഗ്ലണ്ടിലെ നോർത്തംബർലൻഡിലുള്ള ഏനിക് ഗാർഡൻ സന്ദർശകരെ വിസ്മയിപ്പിക്കുന്ന ഒരു ഇടമാണ്. എന്നാൽ, ഇവിടുത്തെ 'പോയിസൺ ഗാർഡൻ' അഥവാ വിഷപ്പൂന്തോട്ടം കാണാൻ ഭംഗിയുള്ളതാണെങ്കിലും അങ്ങേയറ്റം അപകടകരമാണ്. ഈ പൂന്തോട്ടത്തിലെ ചെടികളിൽ തൊടുകയോ അവയുടെ അരികിലേക്ക് അടുക്കുകയോ ചെയ്യുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഇവിടെയുള്ള സസ്യങ്ങളെല്ലാം മാരകമായ വിഷാംശമുള്ളവയാണ്.

2005-ൽ നോർത്തംബർലൻഡിലെ പ്രഭ്വിയായ ജെയ്ൻ പേഴ്സിയാണ് ഈ വ്യത്യസ്തമായ പൂന്തോട്ടം സ്ഥാപിച്ചത്. ഏനിക് കാസിലിനോട് ചേർന്നുള്ള ഈ ഉദ്യാനത്തിൽ ലോകമെമ്പാടുമുള്ള നൂറിലധികം മാരക വിഷച്ചെടികൾ സംരക്ഷിക്കപ്പെടുന്നുണ്ട്. ഏനിക് ഗാർഡനിൽ സന്ദർശകർക്കായി എന്തെങ്കിലും വ്യത്യസ്തമായ കാഴ്ചയൊരുക്കണമെന്ന പ്രഭ്വിയുടെ ചിന്തയാണ് ഇത്തരമൊരു അപകടകരമായ പൂന്തോട്ടം നിർമ്മിക്കാൻ കാരണമായത്.

പൂന്തോട്ടത്തിന്റെ കവാടത്തിൽ തന്നെ 'ഈ ചെടികൾ നിങ്ങളെ കൊന്നേക്കാം' എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വിഷച്ചെടികൾക്ക് പുറമെ കഞ്ചാവ്, ഓപിയം തുടങ്ങിയ ലഹരി സസ്യങ്ങളും ഇവിടെ വളർത്തുന്നുണ്ട്. സന്ദർശകർക്ക് അപകടം സംഭവിക്കാതിരിക്കാൻ മിക്ക ചെടികളും പ്രത്യേക കൂടുകൾക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിനോദസഞ്ചാരികളാണ് ഈ വിചിത്രമായ പൂന്തോട്ടം കാണാനായി എത്തുന്നത്.

Photo and News Source: Kerala Kaumudi Latest