തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയ്ക്ക് സമീപമുള്ള വെള്ളക്കോട്ടയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്പരമുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായവർ ബാലരാമപുരം സ്വദേശി മണികണ്ഠൻ (36), വട്ടിയൂർക്കാവ് സ്വദേശി രാജേഷ് (46) എന്നിവരാണ്. ഇരുവരും നേരത്തെ തന്നെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവദിവസം വ്യത്യസ്ത സ്ഥലങ്ങളിൽ മദ്യപിച്ച ശേഷം വെള്ളക്കോട്ടയിൽ വെച്ച് കണ്ടുമുട്ടിയ ഇവർ തമ്മിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു.
വാക്കേറ്റത്തിനിടെ മണികണ്ഠൻ കല്ലുകൊണ്ട് രാജേഷിനെ മർദ്ദിച്ചു. ഇതിൽ പ്രകോപിതനായ രാജേഷ് കൈവശമുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മണികണ്ഠനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പോക്കറ്റടിക്കായി വിളിച്ചിട്ടും വരാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Photo and News Source: Deepika








