തങ്ങളുടെ ഫുള്‍ സെല്‍ഫ്-ഡ്രൈവിംഗ് (എഫ് എസ് ഡി) സോഫ്‌റ്റ്‌വെയറിന് അംഗീകാരം ലഭിക്കുന്നതിനായി അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ടെസ്ല ചര്‍ച്ചകള്‍ ആരംഭിച്ചു. ലെവല്‍ 2+ വിഭാഗത്തില്‍പ്പെടുന്ന ഈ സാങ്കേതികവിദ്യ, ഡ്രൈവര്‍ക്ക് സ്റ്റിയറിംഗില്‍ നിന്ന് കൈകള്‍ മാറ്റാന്‍ അനുവദിക്കുന്ന ഹാന്‍ഡ്‌സ്-ഓഫ് സൗകര്യം നല്‍കുന്നു. നെതര്‍ലാൻഡ്‌സ് ഇതിനകം തന്നെ ഈ സാങ്കേതികവിദ്യയ്ക്ക് അംഗീകാരം നല്‍കിയ ആദ്യത്തെ ഇ യു രാജ്യമായി മാറിയിട്ടുണ്ട്. 18 മാസത്തെ വിപുലമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഡച്ച് അധികൃതര്‍ ഇതിന് അനുമതി നല്‍കിയത്.
യൂറോപ്പിലെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 27 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍, വിപണി തിരിച്ചുപിടിക്കാന്‍ എഫ് എസ് ഡി സംവിധാനം അനിവാര്യമാണെന്ന് ടെസ്ല കരുതുന്നു. ഈ വേനല്‍ക്കാലത്ത് തന്നെ യൂറോപ്പില്‍ സോഫ്‌റ്റ്‌വെയര്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. എങ്കിലും, ഇത് പൂര്‍ണ്ണമായും സ്വയം ഡ്രൈവിംഗ് നടത്തുന്ന സംവിധാനമല്ലെന്നും, മറിച്ച് ഡ്രൈവര്‍ക്ക് സഹായം നല്‍കുന്ന സംവിധാനം മാത്രമാണെന്നും ഡച്ച് റോഡ് അതോറിറ്റി (ആര്‍ ഡി ഡബ്ല്യു) വ്യക്തമാക്കിയിട്ടുണ്ട്. വാഹനം ഓടുമ്പോള്‍ ഡ്രൈവര്‍ എപ്പോഴും റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പൂര്‍ണ്ണ ഉത്തരവാദിത്തം വഹിക്കുകയും വേണം.
നിലവില്‍ മെഴ്‌സിഡസ്-ബെന്‍സിന്റെ ഡ്രൈവ് പൈലറ്റ് പോലുള്ള ലെവല്‍ 3 സാങ്കേതികവിദ്യകള്‍ യൂറോപ്പില്‍ ലഭ്യമാണ്. ടെസ്ലയുടെ എഫ് എസ് ഡി സംവിധാനത്തില്‍ ഓട്ടോ ലൈന്‍ ചേഞ്ച്, നാവിഗേറ്റ് ഓട്ടോപൈലറ്റ്, ഓട്ടോ പാര്‍ക്കിംഗ്, സ്മാര്‍ട്ട് സമന്‍സ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുണ്ട്. വാഹനത്തിലെ ക്യാമറകളും സെന്‍സറുകളും ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അയര്‍ലണ്ടിലെ എന്‍ എസ് എ ഐ (NSAI) ഉള്‍പ്പെടെയുള്ള അധികൃതരുമായി ടെസ്ല ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും, അംഗീകാരം ലഭിക്കുന്നതിനുള്ള കൃത്യമായ സമയപരിധി ഇതുവരെ തീരുമാനിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ അംഗീകാരം ലഭിച്ചാല്‍ മാത്രമേ അയര്‍ലണ്ടിലും ഇത് നടപ്പിലാക്കാന്‍ സാധിക്കൂ.
Photo and News Source: Sathyam Online










