അന്തരിച്ച കർണാടക മന്ത്രി ഡി. സുധാകറിന് നാട് വിട നൽകി. തിങ്കളാഴ്ച ഉച്ചയോടെ ചിത്രദുർഗയിൽ ജൈനമത ആചാരപ്രകാരവും ഔദ്യോഗിക ബഹുമതികളോടെയുമായിരുന്നു സംസ്കാരച്ചടങ്ങുകൾ നടന്നത്. മന്ത്രിയുടെ മകൻ സുഹാസ് അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി എച്ച്.കെ. പാട്ടീൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ രണ്ട് മാസമായി ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം, ബെംഗളൂരുവിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ച് ഞായറാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. ഹിരിയൂർ, ചലെകരെ എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
മന്ത്രിയുടെ വിയോഗത്തിൽ ആദരസൂചകമായി കർണാടകയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. സംസ്കാരം നടന്ന ചിത്രദുർഗയിൽ തിങ്കളാഴ്ച പൊതുഅവധിയും നൽകി. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സംസ്ഥാനത്തെ ഒരു പ്രധാന ജലസേചന പദ്ധതിക്ക് ഡി. സുധാകറിന്റെ പേര് നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കൂടിയായ ഡി.കെ. ശിവകുമാർ അറിയിച്ചു.
Photo and News Source: Mathrubhumi








