മലപ്പുറം കുറ്റിപ്പുറത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ലഹരി കേന്ദ്രം പോലീസ് കണ്ടെത്തി പൂട്ടിച്ചു. കുറ്റിപ്പുറം വാസുപടിയിലെ ഒരു വാടക വീട്ടിലാണ് ലഹരി സംഘം തമ്പടിച്ചിരുന്നത്. നാട്ടുകാർക്ക് ചില യുവാക്കളുടെ പെരുമാറ്റത്തിൽ തോന്നിയ സംശയമാണ് ഈ കേന്ദ്രം പുറത്തുകൊണ്ടുവരാൻ പോലീസിനെ സഹായിച്ചത്.

പോലീസ് നടത്തിയ പരിശോധനയിൽ 585 ഗ്രാം കഞ്ചാവും ലഹരി ഉപയോഗിക്കാൻ സഹായിക്കുന്ന മൂന്ന് ഫർണസുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. തിരുനാവായ സ്വദേശിയായ മുഹമ്മദ് ദിൽഷാദ് എന്നയാളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി ലഹരി മാഫിയകൾ ഈ കേന്ദ്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു.

വാടക വീടിന്റെ ചുവരുകളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവിധ കോഡ് ഭാഷകൾ എഴുതിവെച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാക്കൾ കൂട്ടമായി എത്തി ലഹരി ഉപയോഗിക്കാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് കുറ്റിപ്പുറം പോലീസ് അറിയിച്ചു.

Photo and News Source: Asianet News