നെടുമ്പാശേരി അത്താണി വിമാനത്താവള റോഡിൽ ബൈക്കിന് പിന്നിൽ കാറിടിച്ച് നഴ്സിംഗ് വിദ്യാർത്ഥിനി ദാരുണമായി മരിച്ചു. കാസർകോട് നെല്ലിക്കട്ടയ്ക്ക് സമീപം താമസിക്കുന്ന ഇഷാന ഇസ്മത്ത് (20) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലുമണിയോടെ ബി.പി.സി.എൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇഷാന റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന കാസർകോട് സ്വദേശി സർഫാത്ത് (27) പരിക്കുകളോടെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലാണ്. കാസർകോട് യുണൈറ്റഡ് നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ച ഇഷാന. തൃപ്പൂണിത്തുറയിൽ ഫാഷൻ സ്റ്റോർ നടത്തുന്ന സർഫാത്തിന്റെ സുഹൃത്താണ് ഇഷാന. പരേതനായ അബൂബക്കറിന്റെയും നെഫീസയുടെയും മകളാണ് ഇഷാന.

അപകടമുണ്ടാക്കിയ സ്വിഫ്റ്റ് കാർ ഓടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരനാണെന്ന് പോലീസ് കണ്ടെത്തി. അരൂർ സ്വദേശിയായ ഇവൻ കുടുംബത്തോടൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അത്താണിയിലെത്തിയതായിരുന്നു. രക്ഷിതാക്കൾ ഉറങ്ങുന്ന സമയത്ത് അവർ അറിയാതെ കാറുമായി തട്ടുകടയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Photo and News Source: Kerala Kaumudi